News & Events

07-05-2024
സമസ്ത ഇ- ലേണിംഗ്‌ ആപ്ലിക്കേഷൻ ലോഞ്ചിംഗും ഗ്ലോബൽ ഇൻഫോ
സമ്മിറ്റും മെയ്* 8 ബുധനാഴ്ച

സമസ്ത കേരള ഇസ്‌ലാം മത വിദ്യാസ ബോർഡിനു കീഴിലുള്ള സമസ്ത ഇ-ലേണിംഗ്‌ മൊബൈൽ / വെബ്‌ ആപ്ലിക്കേഷൻ ലോഞ്ചിംഗും സമസ്ത ഗ്ലോബൽ ഇൻഫോ സമ്മിറ്റും 2024 മെയ്‌ 8 ബുധനാഴ്ച്ച കോഴിക്കോട്‌ വെച്ച്‌ നടക്കും. ഹോട്ടൽ വുഡീസിൽ രാവിലെ 9.00 മണിക്ക്‌ ആരംഭിക്കുന്ന പരിപാടിയിൽ അക്കാദമിക സംവാദം, പ്രമോ വീഡിയോ റിലീസ്‌, ബ്രോഷർ പ്രകാശനം, അവാർഡ്‌ ദാനം, തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവും സച്ചാർ കമ്മിറ്റി മെമ്പറുമായിരുന്ന അബൂ സാലിഹ്‌ ശരീഫ്‌ മുഖ്യാതിഥിയായാകും. ഇപ്പോൾ വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗ്ലോബൽ സ്റ്റഡീസിൻ്റെ ചീഫ് സ്കോളറാണ് അദ്ദേഹം.

സമസ്ത പ്രസിഡണ്ട്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ ആപ്ലിക്കേഷൻ ലോഞ്ചിംഗും സമ്മിറ്റ്‌ ഉദ്ഘാടനവും നിർവ്വഹിക്കും. പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങൾ ഇ-ലേണിംഗ്‌ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. സമസ്ത ജന: സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ബ്രോഷർ പ്രകാശന കർമ്മം നിർവ്വഹിക്കും. തുടർ വിദ്യാഭ്യാസ കോഴ്സുകളുടെ സർട്ടിഫിക്കറ്റ്‌ വിതരണ ഉദ്ഘാടനം സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്‌ നിർവ്വഹിക്കും.

സമസ്ത ഇ-ലേണിംഗ്‌ ലോഗോ രൂപകൽപന ചെയ്ത ലോകപ്രശസ്ത അറബിക്‌ കാലിഗ്രഫർ ഖലീലുല്ലാഹ്‌ ചെംനാടിനുള്ള സ്നേഹോപഹാരം എസ്‌.കെ.ഐ.എം.വി.ബി ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സമ്മാനിക്കും. എസ്‌.കെ.ഐ.എം.വി.ബി പ്രസിഡണ്ട്‌ ഉസ്താദ്‌ മൂസക്കുട്ടി ഹസ്‌റത്ത്‌ അധ്യക്ഷനാകും. സംഘടനാ, വിദ്യാഭ്യാസ, ഐടി മേഖലകളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ടവർ പങ്കെടുക്കുന്നതാണ്‌ ചടങ്ങ്‌.

സമസ്ത ഇ-ലേണിംഗിനു കീഴിലുള്ള ഓൺലൈൻ ഗ്ലോബൽ മദ്‌റസ, തുടർ മതവിദ്യാഭ്യാസം, ഡിജിറ്റൽ മദ്‌റസ തുടങ്ങിയ പദ്ധതികളിൽ ക്ലാസുകൾ ഓൺലൈനായി നൽകുന്നതിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ / വെബ്‌ ആപ്ലിക്കേഷനാണ്‌ പ്രവർത്തന സജ്ജമാകുന്നത്‌. അഡ്മിഷൻ നടപടിക്രമങ്ങൾ മുതൽ ദൈനംദിന ക്ലാസുകളും പരീക്ഷാ മൂല്യനിർണയങ്ങളും പാരന്റ്സ്‌ കമ്മ്യൂണിക്കേഷനും വരെ ആപ്ലിക്കേഷനിലൂടെ തന്നെ സാധ്യമാകുന്ന നൂതനവും ലളിതവുമായ എജുക്കേഷൻ ആപ്ലിക്കേഷനാണിത്‌. കോഴിക്കോട്‌ സമസ്ത ഓഫീസിൽ പ്രവർത്തിക്കുന്ന സമസ്ത ഇ-ലേണിംഗ്‌ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ച ഗ്ലോബൽ എജുക്കേഷൻ സ്റ്റുഡിയോയിൽ വെച്ചാണ്‌ തൽസമയ ക്ലാസുകൾ നടക്കുന്നത്‌.

സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസ

സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസയിലേക്കുള്ള പുതിയ 2024 - 25 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷന്‌ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്‌. നിലവിൽ അമേരിക്ക, യൂറോപ്പ്‌, ജി.സി.സി എന്നിവിടങ്ങളിലെ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്‌. സമസ്ത അംഗീകൃത മദ്‌റസകളില്ലാത്ത സ്ഥലങ്ങളിലെ സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾക്കാണ്‌ പ്രവേശനം നൽകുന്നത്‌. കൂടാതെ, കേരളത്തിൽ ശാരീരിക വൈകല്യങ്ങൾ കാരണം മദ്‌റസകളിൽ പോകാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കും.

വ്യക്തിഗത ശ്രദ്ധ കിട്ടുന്നതിനും ഗുണനിലവാരം ഉറപ്പിക്കുന്നതിനുമായി 12-15 വിദ്യാർത്ഥികൾ മാത്രമുള്ള ഡിവിഷനുകളായി ഓൺലൈൻ ഗ്ലോബൽ മദ്റസയിലെ ക്ലാസ് മുറികളെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സഹായിക്കുന്ന വിവിധ ആക്ടിവിറ്റി കിറ്റുകളും രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങളും ഇ-ലേണിങ്ങ് മെൻ്ററിങ്ങിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. സമസ്ത പാഠപുസ്തകത്തിനു പുറമെ പവർപോയിന്റ്‌ പ്രസന്റേഷനുകൾ, വീഡിയോകൾ, ആനിമേറ്റഡ്‌ കണ്ടന്റുകൾ തുടങ്ങിയവയും പഠനോപകരണങ്ങളായി ഉപയോഗിക്കും. പ്രവേശനം നേടാൻ www.samasthaelearning.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ 91 85905 18541 എന്ന നമ്പറിൽ ബന്ധപ്പെടാം.

തുടർ വിദ്യാഭ്യാസം

മദ്‌റസ പ്ലസ്ടു / പതിനെട്ട്‌ വയസ്‌ കഴിഞ്ഞ മുതിർന്നവർക്ക്‌ ഇസ്‌ലാമിക വിഷയങ്ങളിൽ തുടർ പഠനം നടത്താനുള്ള സംവിധാനമാണ്‌ സമസ്ത ഇ-ലേണിംഗ്‌ ഓൺഗോയിംഗ്‌ എജുക്കേഷൻ. പരിശുദ്ധ ഖുർആൻ പാരായണ പരിശീലനം, കർമ്മശാസ്ത്രം, സ്വഭാവ സംസ്കരണം, വിശ്വാസം, ഇസ്‌ലാമിക സാമ്പത്തികം, ബിസിനസ്‌ തുടങ്ങിയ വിവിധ ഇസ്‌ലാമിക വിഷയങ്ങളിൽ ഫണ്ടമെന്റൽ, ഇന്റർമീഡിയറ്റ്‌, അഡ്വാൻസ്‌ ലെവൽ കോഴ്സുകൾ പദ്ധതിയുടെ ഭാഗമായി നടക്കും. നിലവിൽ ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ എന്ന ഫണ്ടമെന്റൽ കോഴ്സും പരിശുദ്ധ ഖുർആൻ പാരായണ പരിശീലന കോഴ്സുകളും നടന്നു കൊണ്ടിരിക്കുന്നു.

ഓൺലൈനായി നടക്കുന്ന തുട മതവിദ്യാഭ്യാസ കോഴ്സുകളിൽ ഇ-ബുക്കുകളും വീഡിയോ, ഓഡിയോ, എ.ആർ, വി.ആർ കണ്ടന്റുകളും പഠനോപകരണങ്ങളായി ഉണ്ടാകും. പഠനം പൂർത്തിയാക്കുന്നവർക്ക്‌ പരീക്ഷകളും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും.

കോഴ്സുകളെ കുറിച്ചറിയാനും പ്രവേശനത്തിനും www.samasthaelearning.com എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കാം. +91 80893 29940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്‌.

ഡിജിറ്റൽ മദ്‌റസ

ടി.വി പ്രൊജക്ടറുകൾ, ഇന്ററാക്ടീവ്‌ ബോർഡുകൾ പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ വഴി സമസ്തയുടെ മദ്‌റസ പാഠപുസ്തകങ്ങൾ പഠിപ്പിക്കാൻ സാധിക്കുന്ന ഇ-ലേണിംഗ്‌ കിറ്റ്‌ ആണിത്‌. പവർ പോയിന്റ്‌ പ്രസന്റേഷനുകൾ, വീഡിയോകൾ, ഇമേജുകൾ, ഓഡിയോകൾ, ആനിമേറ്റഡ്‌ കണ്ടന്റുകൾ തുടങ്ങിയ ഡിജിറ്റൽ കണ്ടന്റുകൾ ആണ്‌ കിറ്റിൽ ഉണ്ടാവുക. മദ്‌റസകളിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ടെക്സ്ച്വൽ ടീച്ചിംഗ്‌ (ടെക്സ്റ്റ്‌ ബുക്ക്‌ അധിഷ്ഠിത അധ്യാപനം) അതിന്റെ പൂർണാർത്ഥത്തിൽ നിർവ്വഹിക്കാൻ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്‌. ഇതിന്‌ പരിഹാരമെന്നോണം മദ്‌റസ ക്ലാസുകളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾക്ക്‌ അനുബന്ധമായി വിദ്യാർത്ഥികൾക്ക്‌ നേരിട്ട്‌ കാണാനും കേൾക്കാനും സാധിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളാണ്‌ വിദ്യാഭ്യാസ ബോർഡ്‌ ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്‌. എസ്‌.കെ.ഐ.എം.വി.ബി ക്കു കീഴിൽ വിവിധ രാജ്യങ്ങളിലായി നിലവിലുള്ള പത്തായിരത്തി എഴുനൂറോളം മദ്‌റസകളിൽ പദ്ധതി നടപ്പിലാക്കാനാണ്‌ ലക്ഷ്യം വെക്കുന്നത്‌. ഇത്‌ മദ്‌റസ വിദ്യാഭ്യാസ രംഗത്ത്‌ വലിയ പരിവർത്തനം തന്നെ സൃഷ്ടിക്കും.

പരിശുദ്ധ ഖുർആൻ, നിസ്‌കാരം, ഹജ്ജ്‌ പോലുള്ള കർമ്മ ശാസ്ത്ര വിഷയങ്ങൾ, സ്വഭാവ സംസ്കരണം, വിശ്വാസ കാര്യങ്ങൾ, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏറ്റവും പുതിയ മോഷൻ ഗ്രാഫിക്സ്‌, എ.ആർ (ഓഗ്‌മെന്റഡ്‌ റിയാലിറ്റി), വി.ആർ (വെർച്ച്വൽ റിയാലിറ്റി) സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ കുട്ടികൾക്ക്‌ പഠിക്കാൻ സാധിക്കുന്നു. ആദ്യഘട്ടം ഒന്നാം ക്ലാസിലേക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളടങ്ങിയ ഇ-ലേണിംഗ്‌ കിറ്റ്‌ ആണ്‌ മദ്‌റസകളിലേക്ക്‌ എത്തിക്കുന്നത്‌. ഒന്നാം ക്ലാസിലെ തഫ്‌ഹീമുത്തിലാവ പാഠപുസ്തകം പൂർണമായും ഡിജിറ്റൽ കണ്ടന്റുകളുടെ സഹായത്തോടെ പഠിപ്പിക്കാൻ അധ്യാപകർക്ക്‌ സാധിക്കും. ഒപ്പം, വർക്ക്‌ബുക്കിലുള്ള പ്രധാന ഭാഗങ്ങളും ഡിജിറ്റൽ ഉള്ളടക്കങ്ങളായി മദ്‌റസകൾക്ക്‌ ലഭിക്കും. ഒരു തവണ ഇ-ലേണിംഗ്‌ കിറ്റ്‌ സ്വന്തമാക്കിയാൽ എല്ലാ വർഷങ്ങളിലും തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ ആസ്തിയായി തന്നെ ഇത്‌ മദ്‌റസകൾക്ക്‌ സൂക്ഷിക്കാവുന്നതാണ്‌. രണ്ടു മുതൽ ഉയർന്ന ക്ലാസിലേക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളുംy വൈകാതെ തന്നെ പുറത്തിറങ്ങും. ഇ-ലേണിംഗ്‌ കിറ്റ്‌ ലഭ്യമാകാൻ www.samasthaelearning.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്‌.

Recent News & Events
Samastha E-Learning

We prioritize quality and strive for learner satisfaction

© Samastha e-learning. All rights reserved